Monday, September 12, 2011

തോട്ടപ്പള്ളി സ്‌പില്‍വേയുടെ ലീഡിങ് ചാനല്‍ വീതികൂട്ടാനുള്ള ശിപാര്‍ശ അപ്രായോഗികമെന്ന് വിദഗ്ദ്ധര്‍

തോട്ടപ്പള്ളി സ്‌പില്‍വേയുടെ ലീഡിങ് ചാനല്‍ വീതികൂട്ടാനുള്ള ശിപാര്‍ശ അപ്രായോഗികമെന്ന് വിദഗ്ദ്ധര്‍
Posted on: 12 Sep 2011


കോട്ടയം : കുട്ടനാട്ടിലെ വെള്ളപ്പൊക്കപ്രശ്‌നം പരിഹരിക്കാന്‍ തോട്ടപ്പള്ളി സ്​പില്‍വേയുടെ ലീഡിങ് ചാനലിന്റെ വീതികൂട്ടാനുള്ള നിര്‍ദേശം അപ്രായോഗികമെന്ന് കാര്‍ഷികരംഗത്തെ വിദഗ്ദ്ധര്‍. ജൈവ വൈവിധ്യത്തെയും പ്രാദേശിക ജനജീവിതത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാതെയാണ് ചാനലിന്റെ വീതികൂട്ടാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും അക്ഷേപമുയര്‍ന്നു.

ചാനലിന്റെ വീതികൂട്ടിയാല്‍ നിരവധി പേര്‍ക്ക് പാര്‍പ്പിടം നഷ്ടമാകും. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന വീയപുരം മുതല്‍ തോട്ടപ്പള്ളിവരെയുള്ള ഭാഗത്ത് 10 കിലോമീറ്റര്‍ നീളത്തില്‍ ചാനലിന്റെ ഇരു കരകളിലുമായി 200 മീറ്റര്‍ വീതിയിലുള്ള സ്ഥലമാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. തണ്ണീര്‍മുക്കം ബണ്ടിന്റെ പുനര്‍നിര്‍മ്മാണം, കുട്ടനാടന്‍ മേഖലയിലെ ജൈവവൈവിധ്യ സംരക്ഷണം എന്നിവ സംബന്ധിച്ച വിശദമായ പഠനം വേണമെന്ന് സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ജലവിഭവവികസന വകുപ്പ്, ചെന്നൈ ഐ.ഐ.ടി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ചാനലിന്റെ വീതി കൂട്ടണമെന്ന ശിപാര്‍ശയുള്ളത്. ആഗസ്ത് അവസാന വാരം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

തോട്ടപ്പള്ളി സ്​പില്‍വേയില്‍നിന്ന് ജലം വേണ്ടത്ര അറബിക്കടലിലേക്കൊഴുകുന്നില്ല എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കനാലിന്റെ വീതി കൂട്ടാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ലീഡിങ് ചാനലിന് നിലവില്‍ 100 മീറ്റര്‍ വീതിയാണുള്ളത്. ഇത് ഇരുവശത്തും 100 മീറ്റര്‍ കൂടി വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം. മൊത്തം 300 മീറ്റര്‍ വീതിയിലുള്ള വലിയ ചാനലായി മാറും. ഇതിനായി ഇരു വശത്തുനിന്നായി 10 കിലോമീറ്റര്‍ നീളത്തില്‍ 200 മീറ്റര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും.

എന്നാല്‍ ചാനലിന്റെ വീതി കൂട്ടുന്നതുവഴി ജലം കൂടുതല്‍ അറബിക്കടലിലെത്തുമോ എന്നതിനു വ്യക്തതയില്ല. മണ്‍സൂണ്‍ കാലത്ത് അറബിക്കടലില്‍ ജലം ഉരുണ്ടുകൂടുന്ന പ്രതിഭാസമാണ് വെള്ളം കടലിലേക്കൊഴുകുന്നതിന് തടസ്സമാകുന്നതെന്നു ശാസ്ത്രജ്ഞര്‍ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. പുറക്കാട്, തോട്ടപ്പള്ളി ഭാഗങ്ങളിലാണ് തിരയിളക്കം എന്ന ഈ പ്രതിഭാസം കൂടുതല്‍ കാണപ്പെടുന്നത്. ചാനലിന്റെ വീതികൂട്ടുന്നത് തിരയിളക്കം കുറയ്ക്കുമോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. വെള്ളം കടലിലേക്കൊഴുക്കി വെള്ളപ്പൊക്കം നിയന്ത്രിക്കാമെന്നു മാത്രമേ പഠനറിപ്പോര്‍ട്ടില്‍ പറയുന്നുള്ളൂ.

തണ്ണീര്‍മുക്കം ബണ്ട് ഒന്നിലധികം തവണ തുറന്നിടണമെന്ന നിര്‍ദ്ദേശം സ്വീകാര്യമാണെങ്കിലും വേലിയിറക്ക സമയത്ത് ബണ്ട് തുറന്നാല്‍ വേമ്പനാട്ടുകായലിലെ ജലവിതാനം കുറയും. ഇത് കായലിനെ കൂടുതല്‍ മലിനമാക്കും. ജലം കൂടുതല്‍ കടലിലേക്ക് ഒഴുക്കാന്‍ വേണ്ടിയുള്ള ഈ നിര്‍ദ്ദേശം മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിക്കും. കടലില്‍നിന്ന് ഉപ്പുരസം കയറുന്നതു കുറഞ്ഞാല്‍ കരിമീന്‍ , ആറ്റുകൊഞ്ച്, കക്ക തുടങ്ങിയ കുട്ടനാടിന്റെ തനതു മത്സ്യസമ്പത്തിന്റെ ഉത്പാദനവും ഗണ്യമായി കുറയുമെന്നും കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.കെ.ജി.പത്മകുമാര്‍ ചൂണ്ടിക്കുട്ടി. ഒരുലക്ഷത്തിലധികംഏക്കറില്‍ കൃഷി ചെയ്യുന്ന കുട്ടനാട്ടിലെ കായല്‍നിരപ്പു താഴുമ്പോള്‍ കൃഷിയെയും ഇത് പ്രതികൂലമായി ബാധിക്കും. സമീപപ്രദേശങ്ങളായ അതിരമ്പുഴ, കുറിച്ചി, കമുരകം തുടങ്ങി കോട്ടയം ജില്ലയിലെ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്കുന്നു. ജൈവ വൈവിധ്യസംരക്ഷണത്തിനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളൊന്നും റിപ്പോര്‍ട്ടിലില്ലെന്ന് കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ബി.ശ്രീകുമാര്‍ പറയുന്നു.

mathrubhumi news,kottayam

No comments:

Post a Comment